നെടുങ്കണ്ടം: ഉടുമ്പന്‍ചോല കുടുംബാരോഗ്യ കേന്ദ്രത്തില്‍ അതിക്രമിച്ചുകയറി ജീവനക്കാരിയെ മര്‍ദിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സിപിഐ ലോക്കല്‍ കമ്മിറ്റിയംഗം അടക്കം രണ്ടു പേര് അറസ്റ്റില്‍. ചേമ്പളം വട്ടപ്പാറ കൊച്ചുപുരയ്ക്കല്‍ ജോസി മാത്യു(52), കവുന്തി കോഴികുന്നേല്‍ കെ.കെ. സിബിന് (31) എന്നിവരെയാണ് ഉടുമ്പന്‍ചോല പോലീസ് അറസ്റ്റ് ചെയ്തത്.
സിപിഐ പാമ്പാടുംപാറ ലോക്കല്‍ കമ്മിറ്റിയംഗമാണ് ജോസി . വെള്ളിയാഴ്ച രാവിലെ 8.45 നായിരുന്നു സംഭവം. മദ്യക്കുപ്പിയുമായി ആശുപത്രിയിലെത്തിയ പ്രതികള്‍ ജീവനക്കാരോട് മദ്യപിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു. ഇത് നിരസിച്ച ജീവനക്കാരെ അസഭ്യം പറയുകയും അന്‍പത്തഞ്ചുകാരിയായ വനിതാ ശുചീകരണ ജീവനക്കാരിയെ മര്‍ദിക്കുകയുമായിരുന്നു. ജീവനക്കാരെ ഉള്ളിലാക്കി കുടുംബാരോഗ്യകേന്ദ്രം പുറത്തുനിന്നു പൂട്ടാന്‍ ശ്രമിക്കുകയും ചെയ്തു.
തുടര്‍ന്ന് ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് പ്രതികളെ തടഞ്ഞുവയ്ക്കുകയും പോലീസില്‍ അറിയിക്കുകയുമായിരുന്നു. ഉടുമ്പന്‍ചോല എസ്എച്ച്ഒ. ടി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഇരുവരെയും അറസ്റ്റ് ചെയ്തു.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പ്രതികള്‍ക്കെതിരേ നിരവധി കേസുകള്‍ നിലവിലുണ്ടെന്നും ജോസിക്കെതിരേ കാപ്പാ നിയമപ്രകാരം നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
മര്‍ദനത്തില്‍ പരിക്കേറ്റ ശുചീകരണ ജീവനക്കാരി ചികിത്സയിലാണ്.